പൂരം പെരുമയോടെ നടത്തും: വെടിക്കെട്ട് മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ ശ്രമമെന്ന് സുരേഷ് ഗോപി
Wednesday, August 14, 2024 12:02 PM IST
തൃശൂർ: തൃശൂർ പൂരം പെരുമയോടെ നടത്തുമെന്നും വെടിക്കെട്ടിന്റെ നിലവിലുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കാനുള്ള ശ്രമമാണു നടത്തുന്നതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ടു കളക്ടറേറ്റിലെ യോഗത്തിനു മുന്നോടിയായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണത്തെപോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കും.
പൊതുജനങ്ങൾക്കു സുഗമമായി വെടിക്കെട്ടു കാണാനുള്ള സാധ്യതകൾ പരിശോധിക്കും. കുത്തിയിരുന്നു വെടിക്കെട്ടുകണ്ട് ആസ്വദിച്ചിരുന്ന, ഒരു തല്ലുപോലും നടക്കാത്ത കാലമുണ്ടായിരുന്നു. കഴിഞ്ഞവട്ടം ഹിതമല്ലാത്തതു നടന്നു. സാങ്കേതികമായ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് പൂരം നടത്താനാണ് നീക്കമെന്നും സുരേഷ് ഗോപി പറഞ്ഞു.
വെടിക്കെട്ട് നിയന്ത്രണത്തിൽ ഇളവു വരുത്തുന്നതുമായി ബന്ധപ്പെട്ടു തേക്കിൻകാട് മൈതാനിയിൽ ഉദ്യോസ്ഥസംഘം കഴിഞ്ഞദിവസം പ്രത്യേക പരിശോധന നടത്തിയിരുന്നു. ജില്ലാ കളക്ടർ, പെസോ ഉദ്യോഗസ്ഥർ, സിറ്റി പോലീസ് കമ്മീഷണർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കളക്ടർ, മന്ത്രിമാർ, പാറമേക്കാവ്, തിരുവന്പാടി ദേവസ്വം ഭാരവാഹികൾ പങ്കെടുക്കുന്ന യോഗമാണ് ഇന്നു നടക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.