വൻകുതിപ്പിന് സഡന്‍ ബ്രേക്കിട്ട് സ്വര്‍ണം; 52,000 രൂപയ്ക്കു മുകളിൽത്തന്നെ
Wednesday, August 14, 2024 11:04 AM IST
കൊച്ചി: വമ്പൻ കുതിപ്പിനിടെ സഡൻബ്രേക്കിട്ട് സ്വർണവില. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില പവന് 52,440 രൂപയിലും ഗ്രാമിന് 6,555 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 5,420 രൂപയിലെത്തി.
വെള്ളിയാഴ്ച ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 51,000 കടന്നത്. ശനിയാഴ്ച 160 രൂപയും തിങ്കളാഴ്ച 200 രൂപയും വർധിച്ചു. ചൊവ്വാഴ്ച വീണ്ടും 760 രൂപ കയറിയതോടെയാണ് സ്വർണം വീണ്ടും 52,000 കടന്നത്. കഴിഞ്ഞ ബുധനാഴ്ച 50,800 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തിയ ശേഷം സ്വര്‍ണവില അഞ്ചുദിവസത്തിനിടെ 1,700 രൂപയാണ് വര്‍ധിച്ചത്.
കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്.
കഴിഞ്ഞ മാസം 26ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. ദിവസങ്ങള്‍ക്കകം ഏകദേശം 4,500 രൂപയാണ് ഇടിഞ്ഞത്. പിന്നീട് വില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. ഒന്‍പത് ദിവസത്തിനിടെ 1440 രൂപ വര്‍ധിച്ച ശേഷമാണ് വില താഴേക്കുപോയത്.
അന്താരാഷ്ട്ര തലത്തിൽ, ബുധനാഴ്ച രാവിലെ സ്വർണവ്യാപാരം ഫ്ലാറ്റ് നിലവാരത്തിലാണ് നടക്കുന്നത്. ട്രോയ് ഔൺസിന് 1.58 ഡോളർ (0.06%) താഴ്ന്ന് 2,462.41 ഡോളർ എന്നതാണ് നിരക്ക്.
അതേസമയം, വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 88 രൂപയിലും കിലോഗ്രാമിന് 88,000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.