മഴ ശക്തമായിത്തന്നെ; 12 ജില്ലകളില്‍ മുന്നറിയിപ്പ്
Wednesday, August 14, 2024 9:30 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ഇന്ന് 12 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.
എറണാകുളം,തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അടുത്തദിവസം ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടാണ്.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മലയോരമേഖലകളില്‍ പ്രത്യേക ജാഗ്രത വേണം. മലവെള്ളപ്പാച്ചില്‍, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ കരുതിയിരിക്കണം. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്.
കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തെക്കന്‍ ശ്രീലങ്കയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. റായല്‍സീമ മുതല്‍ കോമോറിന് തീരം വരെയായി ന്യൂനമര്‍ദപാത്തി സജീവമാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്.