സുപ്രിയ സുലേയ്ക്കെതിരേ തന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റായ തീരുമാനമായിരുന്നു: അജിത് പവാർ
Tuesday, August 13, 2024 10:02 PM IST
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ സുപ്രിയ സുലേയ്ക്കെതിരേ തന്റെ ഭാര്യ സുനേത്രയെ മത്സരിപ്പിച്ചത് തെറ്റായിരുന്നുവെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ.
ബരാമതി മണ്ഡലത്തിൽനിന്നാണ് ഇരുവരും തമ്മിൽ തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയത്. എൻസിപി ശരത് പവാർ പക്ഷത്തുനിന്ന് അദ്ദേഹത്തിന്റെ മകൾ സുപ്രിയ സുലേയാണ് മത്സരിച്ചത്. എൻസിപി അജിത്ത് പവാർ പക്ഷത്ത് നിന്ന് അജിത് പവാറിന്റെ ഭാര്യ സുനേത്രയെയാണ് മത്സരിപ്പിച്ചത്.
എന്നാൽ തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെയാണ് സുപ്രിയ സുലേ വിജയിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് എൻസിപി പിളർത്തി അജിത് പവാർ എൻഡിഎയ്ക്കൊപ്പം പോയിരുന്നു. എന്നാൽ ശരത് പവാർ ഇന്ത്യാ മുന്നണിയിൽ തുടർന്നതോടെയാണ് തെരഞ്ഞെടുപ്പിൽ ഇരു വിഭാഗവും ഏറ്റുമുട്ടിയത്.