വെങ്കലത്തിളക്കവുമായി ഹോക്കി ടീമെത്തി; ശ്രീജേഷിനും സംഘത്തിനും ഉജ്വല വരവേല്പ്
Tuesday, August 13, 2024 1:36 PM IST
ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി താരങ്ങൾക്ക് രാജകീയ വരവേല്പ് നല്കി രാജ്യതലസ്ഥാനം. വിജയശില്പിയും മലയാളിയുമായ പി.ആര്. ശ്രീജേഷ് അടക്കമുള്ള താരങ്ങള്‍ ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്.
വിമാനത്താവളത്തിൽ പ്രിയതാരങ്ങളെ സ്വീകരിക്കാൻ കുടുംബങ്ങൾക്കൊപ്പം രാവിലെതന്നെ നൂറുകണക്കിന് ആരാധകരാണെത്തിയത്.
മനസുനിറയ്ക്കുന്ന സ്വീകരണമാണ് ലഭിച്ചതെന്ന് ശ്രീജേഷ് പ്രതികരിച്ചു. രാജ്യത്തിന് വേണ്ടി മെഡല്‍ നേടി തിരിച്ചെത്തുമ്പോള്‍ ഇത്തരത്തില്‍ ലഭിക്കുന്ന സ്വീകരണമാണ് ഏതൊരു അത്ലറ്റിനെ സംബന്ധിച്ചും വലുതെന്നും താരം കൂട്ടിച്ചേർത്തു.
പാരിസ് ഒളിംപിക്സ് സമാപന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്താന്‍ സാധിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും അത് കേക്കിന് മുകളിലെ ഒരു ചെറി പോലെയായിരുന്നുവെന്നും ശ്രീജേഷ് പറഞ്ഞു.
ഇന്ത്യൻ ഹോക്കി ടീമിലെ ചില താരങ്ങൾ കഴിഞ്ഞ ശനിയാഴ്ച തന്നെ നാട്ടിലെത്തിയിരുന്നു. ഒളിംപിക്സ് സമാപന പരിപാടിക്കായി പാരിസിൽ തുടർന്നതോടെയാണ് പി.ആർ. ശ്രീജേഷ് ഉൾപ്പടെയുള്ളവരുടെ വരവ് വൈകിയത്. സമാപന പരിപാടിയിൽ ഇന്ത്യൻ പതാകയേന്തിയത് പി.ആർ. ശ്രീജേഷും മനു ഭാകറുമായിരുന്നു.