നവജാതശിശുവിനെ കുഴിച്ചുമൂടിയ സംഭവം; പോസ്റ്റ്മോർട്ടം പൂർത്തിയായി
Monday, August 12, 2024 4:35 PM IST
ആലപ്പുഴ: പൂച്ചാക്കല്‍ സ്വദേശിയായ യുവതിയും സുഹൃത്തുക്കളും ചേർന്ന് കുഴിച്ചുമൂടിയ നവജാതശിശുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്നും ശിശുവിന്റെ മരണത്തെക്കുറിച്ച് കൃത്യമായ നിഗമനങ്ങളിലെത്താൻ കഴിഞ്ഞിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പരിശോധനാഫലം പുറത്തുവന്നതിനുശേഷമെ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂവെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പൂച്ചാക്കല്‍ സ്വദേശിയായ യുവതി വീട്ടില്‍വച്ച് കുഞ്ഞിന് ജന്മം നൽകിയത്.
ബുധനാഴ്ച ചില ശാരീരിക ബുദ്ധിമുട്ടുകളുമായി ഇവര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രി അധികൃതര്‍ കുഞ്ഞിന്റെ കാര്യം തിരക്കിയപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞതോടെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
ഞായറാഴ്ചയാണ് നവജാതശിശുവിന്റെ മൃതദേഹം തകഴിയിലെ കുന്നുമ്മ പാടശേഖരത്തിൽ നിന്ന് കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം ആലപ്പുഴയിൽ പൊതുശ്മശാനത്തിൽ സംസ്കരിക്കും.