ആറുവരിപ്പാത മുറിച്ചു കടക്കുന്നതിനിടെ ജീപ്പിടിച്ച് അപകടം; യുവതി മരിച്ചു
Monday, August 12, 2024 12:42 PM IST
കണ്ണൂർ: മുഴപ്പിലങ്ങാട്ട് ആറുവരിപ്പാത മുറിച്ചു കടക്കുന്നതിനിടെ ജീപ്പിടിച്ച് യുവതി മരിച്ചു. കണ്ണൂർ മരക്കാർകണ്ടിയിലെ അൽ അൻസാർ ക്ലബിന് സമീപം കൊല്ലന്റെവിടെ ഷംന(38) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ബസിറങ്ങി പുതിയ ആറുവരി ദേശീയ പാത മുറിച്ച് പടിഞ്ഞാറ് ഭാഗം കടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തേക്ക് വേഗത്തിൽ പാഞ്ഞുവന്ന ജീപ്പിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ യുവതിയെ നാട്ടുകാർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ തീവ്രപരിചരണത്തിൽ കഴിഞ്ഞ യുവതി ഞായറാഴ്ച വൈകീട്ടോടെയാണ് മരിച്ചത്.
മരക്കാർ കണ്ടിയിലെ മുഹമ്മദ് കുഞ്ഞി, ടി.കെ. ഷാഹിദ ദമ്പതികളുടെ മകളാണ്. ഭർത്താവ്: കണ്ണൂർ സിറ്റിയിലെ മഠത്തിൽ മുഹമ്മദ് ഫയാസ് (ദുബായ്). മക്കൾ: മുഹമ്മദ് ഫിസാൻ (വിദ്യാർഥി ബംഗളൂരു), സൈന നഷ്വ.