നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതിയില്‍
Monday, August 12, 2024 11:07 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസുമാരായ അഭയ് എസ്. ഓഖ, അഗസ്റ്റിന് ജോര്‍ജ് മാസിഹ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്തവണ ഹർജി സമർപ്പിച്ചത്. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും ജാമ്യം നല്‍കണമെന്നുമാണ് പള്‍സര്‍ സുനിയുടെ ആവശ്യം. നേരത്തെ സുനി നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. വിചാരണയുടെ അന്തിമഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് സുനിയുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയത്.
2017 ഫെബ്രുവരിയിലാണ് കൊച്ചി നഗരത്തിൽ നടി കാറിൽ ആക്രമണത്തിനിരയായത്. നെടുമ്പാശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി റിമാന്‍ഡിലാണ്. നടൻ ദിലീപിന് വേണ്ടി ക്വട്ടേഷൻ ഏറ്റെടുക്കുകയായിരുന്നുവെന്നായിരുന്നു സുനിയുടെ മൊഴി.
കേസിലെ മെമ്മറി കാര്‍ഡ് പരിശോധിച്ച സംഭവത്തിൽ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.