ദുരന്തമേഖലയില്‍ ഇന്നും തിരച്ചില്‍; ചാലിയാറിൽ ജനകീയ തിരച്ചിലുണ്ടാകില്ല
Monday, August 12, 2024 10:29 AM IST
കല്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടി ചാലിയാറിൽ ഇന്നും വിശദമായ തിരച്ചിൽ നടക്കും. മുണ്ടേരി ഫാം മുതൽ പരപ്പൻപാറ വരെയുള്ള അഞ്ച് കിലോമീറ്റർ ദൈർഘ്യത്തിലാണ് തിരച്ചിൽ നടത്തുക. അതേസമയം, ചാലിയാറിൽ ഇന്ന് ജനകീയ തിരച്ചിലുണ്ടാകില്ല.
ദുരന്ത ബാധിത മേഖലകളിൽ രണ്ടു ദിവസം സംഘടിപ്പിച്ച ജനകീയ തിരച്ചിലിന് പിന്നാലെയാണ് ചാലിയാറിലും വിശദമായ പരിശോധന നടക്കുന്നത്. ചാലിയാറിൽ നിന്ന് നിരവധി മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടെടുത്ത പശ്ചാത്തലത്തിൽ കൂടിയാണ് നടപടി. 60 അംഗ സംഘമാണ് ചാലിയാറിൽ തിരച്ചിൽ നടത്തുക.
രാവിലെ മുണ്ടേരി ഫാം മേഖലയിൽ നിന്നാണ് തിരച്ചിൽ തുടങ്ങുന്നത്. ഉച്ചയ്ക്കു രണ്ടുമണിക്കു പരപ്പൻപാറയിൽ അവസാനിക്കും വിധമാണ് ഇന്നത്തെ തിരച്ചിൽ. പാണൻകായ മുതൽ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതൽ ചാലിയാർ മുക്കുവരെയും 20 സന്നദ്ധപ്രവർത്തരും 10 പോലീസുകാരും അടങ്ങുന്ന 30 അംഗ സംഘങ്ങൾ തിരച്ചിൽ നടത്തും. ഇരുട്ടുകുത്തി മുതൽ കുമ്പളപ്പാറ വരെ സന്നദ്ധ പ്രവർത്തകർ ഉൾപ്പെടുന്ന 40 അംഗ സംഘവും തിരച്ചിൽ നടത്തും.
അതേസമയം, ദുരന്ത ബാധിതരുടെ നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുക്കുന്നതിനായി ഇന്ന് പ്രത്യേക ക്യാമ്പും സംഘടിപ്പിക്കും. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകള്‍, ഐടി മിഷന്, അക്ഷയ എന്നിവയെ ഏകോപിപ്പിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മേപ്പാടി ഗവ. ഹൈസ്കൂള്‍, സെന്റ് ജോസഫ് യുപി സ്കൂള്‍, മൗണ്ട് താബോര്‍ ഹൈസ്കൂള്‍ എന്നിവിടങ്ങളിലാണ് ക്യാന്പ്.