രാജസ്ഥാനിൽ കനത്ത മഴ; 14 പേർ മരിച്ചു
Monday, August 12, 2024 1:11 AM IST
ജയ്പുർ: രാജസ്ഥാനിൽ കനത്ത മഴയെ തുടർന്ന് 14 പേർ മരിച്ചു. തലസ്ഥാനമായ ജയ്പൂരിലെ കനോട്ട അണക്കെട്ടിലെ വെള്ളപ്പൊക്കത്തിൽ അഞ്ച് പേർ മുങ്ങി മരിച്ചു.
കിഴക്കൻ രാജസ്ഥാനിലെ കരൗലി ജില്ലയിലെ കരൗലിയിലും ഹിന്ദുവാനിലും ശനിയാഴ്ച രാത്രി മുതൽ തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് നേരിടുന്നത്.
ഭരത്പൂരിലെ നദിയിൽ കുളിക്കാനിറങ്ങിയ ശ്രീനഗർ ഗ്രാമത്തിലെ ഏഴ് യുവാക്കൾ മുങ്ങിമരിച്ചു. കാണാതായവരെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് അധികൃതർ പറഞ്ഞു. പവൻ സിംഗ് ജാദവ് (20), സൗരഭ് ജാദവ് (18), ഗൗരവ് ജാദവ് (16), ഭൂപേന്ദ്ര ജാദവ് (18), ശന്തനു ജാദവ് (18), ലക്കി ജാദവ് (20), പവൻ ജാദവ് (22) എന്നിവരാണ് കൊല്ലപ്പെട്ടത്.
ജുൻജുനുവിലെ മെഹ്റാന ഗ്രാമത്തിലെ കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങിമരിച്ചു. സാൻവ്ലോഡ് സ്വദേശികളാണ് ഇവർ. അനൂജ് മേഘ്വാൾ (22), ബൾകേഷ് (21), അനുജ് കുമാർ (20) എന്നിവരാണ് മരിച്ചത്.
കരൗലിയിൽ, കനത്ത മഴയിൽ തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി അച്ഛനും മകനുമായ സക്കീർ ഖാൻ (40), സിയ ഖാൻ (12) എന്നിവർ മരിച്ചു. ഇവർ വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ബൻസ്വാരയിലെ കെഡിയ തോട്ടിൽ കാല് വഴുതി വീണ് 19 കാരനായ നഴ്സിംഗ് വിദ്യാർഥി മരിച്ചു. വികാസ് ശർമ എന്നയാളാണ് മരിച്ചത്.