നീരജിന്റെ അമ്മ തനിക്കും അമ്മയെപ്പോലെയെന്ന് അര്‍ഷദ് നദീം
Sunday, August 11, 2024 11:15 PM IST
ലാഹോര്‍: നീരജ് ചോപ്രയുടെ അമ്മ തനിക്ക് വേണ്ടിയും പ്രാര്ഥിച്ചതായും നീരജിന്റെ അമ്മ തനിക്കും അമ്മയെപോലെയാണെന്നും പാകിസ്ഥാൻ ജാവലിന്‍ താരവും പാരീസ് ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവുമായ അര്‍ഷദ് നദീം. പാരീസില്‍നിന്ന് പാകിസ്ഥാൻ മടങ്ങിയെത്തിയതിനു പിന്നാലെയായിരുന്നു നദീമിന്റെ പ്രതികരണം.
"ഒരമ്മ എന്നത് എല്ലാവരുടെയും അമ്മയാണ്. അതിനാല്‍ അവര്‍ എല്ലാവര്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കുന്നു. നീരജ് ചോപ്രയുടെ അമ്മയ്ക്ക് ഞാന്‍ നന്ദി പറയുന്നു. അവര്‍ എന്റെയും കൂടി അമ്മയാണ്. അവര്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കുംവേണ്ടി പ്രാര്‍ഥിച്ചു. ലോകവേദിയില്‍ മത്സരിച്ച ദക്ഷിണേഷ്യക്കാരായ രണ്ടുപേരായിരുന്നു ഞങ്ങള്‍'-അര്‍ഷദ് പറഞ്ഞു.
അര്‍ഷദ് നദീമിന്റെ അമ്മ റസിയ പര്‍വീനും നേരത്തേ നീരജിനോടുള്ള സ്നേഹം പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു. നീരജും തനിക്ക് മകനെപ്പോലെയാണെന്നും നദീമിന്റെ അടുത്ത സുഹൃത്തും സഹോദരനുമാണ് അവനെന്നും റസിയ പറഞ്ഞു. നീരജിന് വേണ്ടി പ്രാര്‍ഥിച്ചിരുന്ന കാര്യവും അവര്‍ വെളിപ്പെടുത്തി.
പാരീസ് ഒളിമ്പിക്സ് ജാവലിന്‍ ത്രോയില്‍ പരസ്പരം മത്സരിച്ചിരുന്നവരായിരുന്നു നീരജ് ചോപ്രയും അര്‍ഷദ് നദീമും. നദീം 92.97 മീറ്റര്‍ ദൂരമെറിഞ്ഞ് ഒളിമ്പിക് റിക്കർഡോടെ സ്വര്‍ണം സ്വന്തമാക്കി. 89.45 മീറ്റര്‍ ദൂരമെറിഞ്ഞ് നീരജ് വെള്ളിയും നേടി. ടോക്യോ ഒളിമ്പിക്സില്‍ നീരജ് സ്വര്‍ണം നേടിയിരുന്നു. അന്ന് നാലാംസ്ഥാനത്തായിരുന്നു നദീം.