തീപിടിച്ചെന്ന് കരുതി; ട്രെയിനിൽനിന്ന് ചാടിയ ആറുപേർക്ക് പരിക്ക്
Sunday, August 11, 2024 10:13 PM IST
ലക്നോ: തീപിടിച്ചുവെന്ന് കരുതി ഓടുന്ന ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയ ആറുപേർക്ക് പരിക്ക്. ഉത്തർപ്രദേശിലെ ബിൽപുരിന് സമീപം ഞായറാഴ്ചയുണ്ടായ സംഭവത്തിൽ അൻവാരി (26), അക്താരി (45), കുൽദീപ് (26), റൂബി ലാൽ (50), ശിവ് ശരൺ (40), ചന്ദ്രപാൽ (35) എന്നിവർക്കാണ് പരിക്കേറ്റത്.
ഷാജഹാൻപുർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ പരിക്ക് ഗുരതരമല്ലെന്ന് അധികൃതർ പറഞ്ഞു. ട്രെയിനിലുണ്ടായിരുന്ന ഒരാൾ കോച്ചിലെ അഗ്നിശമന ഉപകരണം പ്രവർത്തിപ്പിച്ചതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്ന് റെയിൽവേ പോലീസ് പറഞ്ഞു.
ഹൗറ-അമൃത്സർ മെയിലിൽ ജനറൽ കോച്ചിലെ യാത്രികരാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു.