ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റും ലഭിക്കില്ല: ആംആദ്മി നേതാവ്
Sunday, August 11, 2024 9:53 PM IST
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റും ലഭിക്കില്ലെന്ന് സംസ്ഥാന മന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ സൗരഭ് ഭരദ്വാജ്. ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ മനീഷ് സിസോദിയയുടെ വസതിയില്‍ നടന്ന ആം ആദ്മി പാര്‍ട്ടിയുടെ യോഗത്തിനെത്തിയ സമയത്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മനീഷ് സിസോദിയയ്ക്ക് ജാമ്യം ലഭിച്ചത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശം നല്കുന്ന കാര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ ഡല്‍ഹി തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുമെന്നും സൗരഭ് പറഞ്ഞു.
എതായാലും ഡല്‍ഹിയിലെ ജനങ്ങള്‍ ലോക്സഭ തെരഞ്ഞെടുപ്പിലെ വിധി തിരുത്തുവാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും ബിജെപിക്ക് ലഭിക്കില്ലെന്നും ആം ആദ്മി നേതാവ് പറഞ്ഞു. ഡല്‍ഹിയില്‍ വീണ്ടും ആംആദ്മി പാര്‍ട്ടി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സൗരഭ് പ്രതീക്ഷ പ്രകടിപ്പിച്ചു.