ഡിഎൻഎ ഫലം തിങ്കളാഴ്ച മുതൽ പരസ്യപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്
Sunday, August 11, 2024 7:20 PM IST
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്തുന്നതിനുള്ള ജനകീയ തെരച്ചിൽ തുടരുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഡിഎന്‍എ ഫലങ്ങള്‍ കിട്ടി തുടങ്ങിയെന്നും തിങ്കളാഴ്ച മുതൽ പരസ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ കാന്തന്‍പാറയിൽ നിന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലിൽ മൂന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തി. എയര്‍ ലിഫ്റ്റ് ചെയ്യാനാവാത്തതിനാൽ ശരീരഭാഗങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ചുമന്നാണ് പുറത്തെത്തിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മൃതദേഹം മനുഷ്യന്റെയാണോ മൃഗത്തിന്റെതാണോ എന്ന് വ്യക്തമാകൂ.
നാളെയും മറ്റന്നാളും ചാലിയാറിൽ വിശദമായ തെരച്ചിൽ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മുണ്ടേരി ഫാം-പരപ്പൻ പാറയില്‍ 60 അംഗ സംഘവും പാണംകായം വനമേഖലയിലെ തെരച്ചിൽ 50 അംഗ സംഘവും പങ്കെടുക്കും. പൂക്കോട്ട്മല മേഖലയിലും തെരച്ചിൽ തുടരുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം ഉടന്‍ പൂര്‍ത്തിയാക്കും. താത്കാലിക പുനരധിവാസത്തിനായി 253 വാടക വീടുകൾ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ 14 ക്യാമ്പുകളാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.