അഭിനവ് ബിന്ദ്രയ്ക്ക് "ഒളിമ്പിക് ഓര്‍ഡര്‍' ബഹുമതി
Sunday, August 11, 2024 1:21 AM IST
പാരീസ്: ബെയ്ജിംഗ് ഒളിമ്പിക്സ് ഷൂട്ടിംഗില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം അഭിനവ് ബിന്ദ്രയിക്ക് "ഒളിമ്പിക് ഓര്‍ഡര്‍' ബഹുമതി നല്കി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി(ഐഒസി). ഒളിമ്പിക്സില്‍ വലിയ സംഭാവനകള്‍ നല്കിയ വ്യക്തികളെ ആദരിച്ചുകൊണ്ട് ഐഒസി നല്കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് ഒളിമ്പിക് ഓര്‍ഡര്‍.
2008ല്‍ ബെയ്ജിംഗില്‍ നടന്ന ഒളിമ്പിക്സില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ വ്യക്തിഗത ഒളിംപിക്സ് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു ബിന്ദ്ര. ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരന് എന്ന ബഹുമതിയും അദ്ദേഹം സ്വന്തമാക്കിയിരുന്നു.
രണ്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍ ബിന്ദ്ര 150ലധികം വ്യക്തിഗത മെഡലുകള്‍ നേടി. ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട്സ് ഫെഡറേഷന്റെ പരമോന്നത ബഹുമതിയായ ബ്ലൂ ക്രോസ് 2018ല്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നു.
അംഗീകാരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് മറുപടി പ്രസംഗത്തില്‍ ബിന്ദ്ര വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍.. "ഈ അംഗീകാരം ഒരു വ്യക്തിഗത നാഴികക്കല്ല് മാത്രമല്ല, കായിക മേഖലയില്‍ നിന്ന് ലഭിക്കുന്ന ആത്മവിശ്വാസത്തിന്റെയും തെളിവാണ്. ഐഒസിയുടെ അംഗീകാരത്തോട് ഞാന്‍ കടപ്പെട്ടിരിക്കും. ഒളിന്പിക്സ് ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന എല്ലാ കായികതാരങ്ങളും കായിക പ്രേമികള്‍ക്കും ഞാനിത് സമര്‍പ്പിക്കുന്നു.' ബിന്ദ്ര പറഞ്ഞു.
കായികരംഗത്തെ നേട്ടങ്ങള്‍ക്ക് പുറമേ, കായിക ഭരണത്തിലും ബിന്ദ്ര കാര്യമായ സംഭാവനകള്‍ നല്കി. എട്ട് വര്‍ഷമായി ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട്സ് ഫെഡറേഷന് അത്ലറ്റ്സ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന അദ്ദേഹം നിലവില്‍ ഐഒസി അത്ലറ്റ് കമ്മീഷനിലും വിദ്യാഭ്യാസ കമ്മീഷനിലും അംഗമാണ്.