വിനേഷിന്റെ അപ്പീലിൽ വിധി പറയുന്നത് നീട്ടി
Saturday, August 10, 2024 10:03 PM IST
ലുസാന്‍: പാരീസ് ഒളിമ്പിക്സിൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി ഫൈനൽ മത്സരത്തിലെ അയോഗ്യതക്കെതിരേ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്കിയ അപ്പീൽ വിധി പറയുന്നത് നീട്ടി. ആർബിട്രേറ്റർക്ക് കായിക കോടതി സമയം നീട്ടി നൽകി.
ഇതോടെ ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 9.30നുള്ളിൽ വിധിയുണ്ടാകും. നേരെത്തെ ഇന്ന് വിധി പറയുമെന്നായിരുന്നു റിപ്പോർട്ട്. ഞായറാഴ്ചയാണ് ഒളിമ്പിക്സിന്റെ സമാപന ചടങ്ങ്.
ഓഗസ്റ്റ് ഏഴാം തീയതി വനിതകളുടെ 50 കി.ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് വിനേഷ് അയോഗ്യയായത്.
അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം ഭാരം അധികമാണെന്ന് കണ്ടെത്തിയാണ് താരത്തെ അയോഗ്യയാക്കിയത്. വിനേഷിനായി മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെയും വിദുഷ്പത് സിംഘാനിയുമാണ് കോടതിയില്‍ ഹാജരായത്.