വിംസ് ആശുപത്രിയിലെത്തി പ്രധാനമന്ത്രി; ചികിത്സയിൽ കഴിയുന്നവരെ സമാശ്വസിപ്പിച്ചു
Saturday, August 10, 2024 3:50 PM IST
വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ടവർ ചികിത്സയിലുള്ള വയനാട്ടിലെ വിംസ് ആശുപത്രി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നേരത്തേ നാല് പേരെയാണ് മോദി കാണുമെന്ന് അറിയിച്ചിരുന്നത്.
എന്നാൽ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന കൂടുതല്‍ പേരെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ഡോക്ടർമാരോട് ഇവരുടെ ചികിത്സാവിവരങ്ങൾ മോദി ചോദിച്ചറിഞ്ഞു. കുഞ്ഞുങ്ങൾക്ക് മാനസിക പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി ഡോക്ടർമാർ അറിയിച്ചു.
ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെയും പ്രധാനമന്ത്രി സന്ദർശിച്ചു. മേപ്പാടിയിലെ സെന്റ് ജോസഫ് സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പ് സന്ദര്‍ശിച്ച മോദി ദുരന്തബാധിതരായ 12 പേരെ നേരിട്ടു കണ്ടു.
വിങ്ങിപ്പൊട്ടിക്കൊണ്ടാണ് ദുരന്തബാധിതര്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ദുഃഖമടക്കം പ്രധാനമന്ത്രിയോട് പങ്കുവച്ചത്. വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ പ്രധാനമന്ത്രി തോളത്ത് തട്ടി ആശ്വസിപ്പിച്ചു.