തദ്ദേശീയ ജനതയുടെ സുസ്ഥിര വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം; മുഖ്യമന്ത്രി
Saturday, August 10, 2024 12:25 AM IST
തിരുവനന്തപുരം: സാമ്പത്തിക വളര്‍ച്ചയ്ക്കൊപ്പം പരിസ്ഥിതി സംരക്ഷണം കൂടി ഉറപ്പു വരുത്തി, തദ്ദേശീയ ജനതയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്ന സുസ്ഥിര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശീയ ജനതയുടെ തൊഴിലും വിദ്യാഭ്യാസവും ഉറപ്പുവരുത്താനുള്ള നടപിടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശീയ ജനതയുടെ സ്വച്ഛമായ ജീവിതം ഉറപ്പാക്കുന്നതിലൂടെ മാത്രമേ ലോകത്തിന്റെ ഭാവി ഭദ്രമാക്കാനാവൂ. സംസ്ഥാനത്തെ ജനസംഖ്യയുടെ 1.45 ശതമാനമുള്ള തദ്ദേശീയ ജനതയ്ക്കായി ബജറ്റ് വിഹിതത്തിന്റെ മൂന്ന് ശതമാനമാണ് നീക്കിവെച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ കരുതല്‍ ഇതിലൂടെ വ്യക്തമാണ്.
വികസനപദ്ധതികളെയും ക്ഷേമപദ്ധതികളെയും സംയോജിപ്പിച്ച് ഒരു നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ വികസന, ക്ഷേമ പദ്ധതികളുടെ ഗുണഫലങ്ങള്‍ എല്ലാ പ്രദേശങ്ങളിലേക്കും വിഭാഗങ്ങളിലേക്കും എത്തിക്കും.
ഇതിനായി ഏറ്റവും പാര്ശ്വവല്കരിക്കപ്പെട്ടവരെ പരമപ്രധാനമായി കണ്ടുകൊണ്ടുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.