വയോധികന്റെ കൊലപാതകം: നിർണായകമായത് മക്കളുടെ പരാതി
വയോധികനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ പിടിയിലായവർ. (ഇൻസൈറ്റിൽ കൊല്ലപ്പെട്ട പാപ്പച്ചൻ)
Friday, August 9, 2024 7:21 PM IST
കൊല്ലം: ശങ്കേഴ്സ് ആശുപത്രിക്ക് സമീപം കൈരളി നഗർ കുളിർമയിൽ സി.പാപ്പച്ചന്റെ (82) മരണം കൊലപാതകമാണെന്ന് കണ്ടെത്താൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ മക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ. റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥനായ പാപ്പച്ചൻ കഴിഞ്ഞ് മേയ് 23-ന് ഉച്ചയ്ക്ക് 2.30-നാണ് സൈക്കിളിൽ സഞ്ചരിക്കവേ കാറിടിച്ച് ശുരുതരമായി പരിക്കേറ്റത്. പിറ്റേ ദിവസം മരണം സംഭവിക്കുകയും ചെയ്തു.
പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് അപകടത്തിന് കാരണമായ കാർ കസ്റ്റഡിയിലെടുത്തു. കാർ ഓടിച്ചിരുന്ന പ്രതികളിൽ ഒരാളായ അനിമോൻ ആണെന്ന് തിരിച്ചറിയുകയും ചെയ്തു. തുടർന്ന് മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു.
പിതാവിന്റെ മരണശേഷം മക്കൾ അദ്ദേഹത്തിന്റെ നിക്ഷേപങ്ങൾ സംബന്ധിച്ച് ധനകാര്യ സ്ഥാപനത്തിൽ അന്വേഷിച്ചുവെങ്കിലും വിശ്വസനീയമായ മറുപടിയല്ല ലഭിച്ചത്. ഇത് മക്കളിൽ സംശയത്തിനു കാരണമായി. കാർ അപകടത്തിന്റെ കാര്യത്തിലും അവർക്ക് ചില അസ്വാഭാവികതകൾ തോന്നി.
തുടർന്ന് പാപ്പച്ചന്റെ നിക്ഷേപ തുകയിൽ തിരിമറി നടന്നുവെന്ന പരാതിയുമായി മക്കളായ ജേക്കബും റേയ്ച്ചലും ജൂൺ ഒന്നിന് കൊല്ലം ഈസ്റ്റ് പോലീസിൽ പരാതി നൽകി. തുടർന്ന് രണ്ട് മാസത്തെ അതീവ രഹസ്യ അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജര്‍ തേവള്ളി റോട്ടറി ക്ലബിനു സമീപം കാവില്‍ ഹൗസില്‍ വാടകയ്ക്ക് താമസിക്കുന്ന സരിത (45), ബ്രാഞ്ച് എക്സിക്യൂട്ടീവ് മരുത്തടി വാസുപിള്ള ജംഗ്ഷന് സ്വദേശി കെ.പി. അനൂപ് (37), അപകടമുണ്ടാക്കിയ കാര്‍ ഓടിച്ച പോളയത്തോട് അനിമോന് മന്‍സിലില്‍ അനിമോന് (44), സുഹൃത്ത് ഓട്ടോറിക്ഷാ ഡ്രൈവറായ കടപ്പാക്കട ശാസ്ത്രിനഗര്‍ വയലില്‍ പുത്തന്‍വീട്ടില്‍ മാഹീന് (47), വാഹനം വാടകയ്ക്ക് നല്കിയ പോളയത്തോട് ശാന്തിനഗര്‍ സല്‍മ മന്‍സിലില്‍ ഹാഷിഫ് അലി (27) എന്നിവരാണ് അറസ്റ്റിലായത്.
പാപ്പച്ചന് 80 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടായിരുന്നതായാണ് വിവരം. ഇതിൽ 50 ലക്ഷത്തിലധികം തുക അറസ്റ്റിലായ സരിത തട്ടിയെടുത്തിട്ടുണ്ട്. ഇതിൽ 19 ലക്ഷം രൂപ പലതവണയായി അറസ്റ്റിലായ ക്വട്ടേഷൻ സംഘത്തിന് നൽകിയിട്ടുണ്ട്.
ബാക്കി തുക എന്തു ചെയ്തു എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിന് സരിതയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കൂടുതൽ തെളിവെടുപ്പുകളും ഉണ്ടാകും.
അറസ്റ്റിലായ അനിമോനും മാഹിനും നിരവധി കേസുകളിൽ പ്രതിയാണ്. മറ്റൊരു പ്രതി ഹാഷിഫിൽ നിന്നാണ് കൊലപാതകത്തിന് ഉപയോഗിച്ച കാർ അനിമോൻ എടുക്കുന്നത്. കാറിന്റെ യഥാർഥ ഉടമയിൽനിന്ന് കൈമറിഞ്ഞാണു വാഹനം ഹാഷിഫിന്റെ കൈവശം എത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇപ്പോൾ അറസ്റ്റിലായവരെ കൂടാതെ കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസ് അന്വേഷണം അതീവ രഹസ്യമായി നടന്നതിനാൽ പ്രതികൾക്ക് തെളിവുകൾ നശിപ്പിക്കാൻ ഒരു അവസരവും ലഭിച്ചതുമില്ല.
സരിതയുടെ ഫോൺ പോലീസിന്റെ കസ്റ്റഡിയിലാണ്. ഇതിൽ ശാസ്ത്രീയ പരിശോധനകൾ നടത്തുമ്പോൾ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കേസിലെ മുഖ്യ പ്രതി സരിതയാണ്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും പോലീസ് വിശദമായി പരിശോധിക്കും.