ഭൂമിക്കടിയിലെ പ്രകമ്പനം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വയനാട് കളക്ടര്‍
Friday, August 9, 2024 2:51 PM IST
വയനാട്: വയനാട്ടിലെ വിവിധ മേഖലകളിൽ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ട സംഭവത്തിൽ പ്രതികരണവുമായി ജില്ലാ കളക്ടർ ഡി.ആര്.മേഘശ്രീ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടർ അറിയിച്ചു.
അമ്പലവയല്‍ വില്ലേജിലെ ആര്‍എആര്‍എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചിട്ടുണ്ട്. പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി.
അതേസമയം വയനാടിന് പുറമേ കോഴിക്കോട്ടെ കൂടരഞ്ഞി, മുക്കം മേഖലകളിലും സമാനരീതിയിൽ മുഴക്കം കേട്ടിരുന്നു. വയനാട്ടിലും കോഴിക്കോട്ടുമുണ്ടായത് ഭൂചലനമല്ലെന്ന് നാഷണല്‍ സീസ്മോളജി സെന്റര്‍ സ്ഥിരീകരിച്ചു. ഭൂകമ്പമാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. മറ്റെന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് വരികയാണെന്നും സീസ്മോളജി സെന്റര്‍ അറിയിച്ചു.