മുടിവെട്ടുന്നതിനിടെ യുവാവിന്റെ മുഖത്ത് തുപ്പി; ബാർബർ അറസ്റ്റിൽ
Friday, August 9, 2024 3:34 AM IST
ലക്നോ: ഉത്തർപ്രദേശിൽ തലമുടി വെട്ടുന്നതിനിടെ യുവാവിന്റെ മുഖത്ത് തുപ്പിയ ബാർബർ അറസ്റ്റിൽ. ഇയാളുടെ കട പ്രാദേശിക ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകർത്തു.
കനൗജിലാണ് സംഭവം. യൂസഫ് എന്ന ബാർബർ ഉപഭോക്താവിന്റെ മുഖത്ത് തുപ്പുന്ന വീഡിയോയുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് റിപ്പോർട്ട് ലഭിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് സൂപ്രണ്ട് അമിത് കുമാർ ആനന്ദ് പറഞ്ഞു.
രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നതെന്നും എന്നാൽ വീഡിയോ അടുത്തിടെ ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയും ബുധനാഴ്ച മുതൽ ഇത് പ്രചരിക്കാൻ തുടങ്ങിയതായും പോലീസ് വ്യക്തമാക്കി.
പ്രതി ഉപഭോക്താവിന്റെ മുഖത്ത് കുറച്ച് ക്രീം പുരട്ടുന്നത് വീഡിയോയിൽ കാണാം. ഇതിനിടെ, കൈകളിൽ തുപ്പുകയും അത് ഉപഭോക്താവിന്റെ മുഖത്ത് പുരട്ടുകയും ചെയ്തുവെന്നും സർക്കിൾ ഓഫീസർ കപൂർ കുമാർ പറഞ്ഞു.
വ്യാഴാഴ്ചയാണ് പ്രാദേശിക ഭരണകൂടം സ്ഥലത്തെത്തി ഈ കട ബുൾഡോസർ ഉപയോഗിച്ച് തകർത്തത്.