പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി; യോഗേഷ് ഗുപ്ത വിജിലൻസ് മേധാവി
Thursday, August 8, 2024 9:53 PM IST
തിരുവനന്തപുരം: പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. വിജിലൻസ് ഡയറക്ടറായി യോഗേഷ് ഗുപ്തയെ നിയമിച്ചു. വിജിലൻസ് എഡിജിപിയായി നിയമിച്ച യോഗേഷ് ഗുപ്തയ്ക്ക് ഡയറക്ടറുടെ അധിക ചുമതല നൽകിയാണ് നിയമനം.
വിജിലൻസ് മേധാവിയായിരുന്ന ടി.കെ. വിനോദ്കുമാർ സ്വയം വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. നിലവിൽ ബിവറേജസ് കോർപറേഷൻ സിഎംഡിയായിരുന്നു യോഗേഷ് ഗുപ്ത.
ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറുമായി കടുത്ത ഭിന്നതയിലായിരുന്ന ഗതാഗത കമ്മീഷണർ എസ്. ശ്രീജിത്തിനെ പോലീസ് ആസ്ഥാനത്തെ എഡിജിപിയായി മാറ്റി നിയമിച്ചു. പകരം ഐജി എ. അക്ബറിനെ ഗതാഗത കമ്മീഷണറായി നിയമിച്ചു. ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാമായിരുന്നു പോലീസ് ആസ്ഥാനത്തിന്റെ അധിക ചുമതല നിലവിൽ വഹിച്ചിരുന്നത്.
സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദർബേഷ് സാഹിബിന് കേരള പോലീസ് ഹൗസിംഗ് ആൻഡ് കണ്സ്ട്രക്ഷൻ കോർപറേഷൻ ചെയർമാന്റെ അധിക ചുമതല കൂടി നൽകി. ഡിഐജി ജെ. ജയന്തിനെ പോലീസ് കണ്സ്ട്രക്ഷൻ കോർപറേഷന്റെ മാനേജിംഗ് ഡയറക്ടറാക്കി നിയമിച്ചു.
കേന്ദ്ര ഡപ്യൂട്ടേഷനിൽ നിന്ന് മടക്കി അയച്ച ഡിജിപി പദവിയിലുള്ള കേരള കേഡറിലെ മുതിർന്ന ഉദ്യോഗസ്ഥൻ നിതിൻ അഗർവാൾ മടങ്ങിയെത്തുന്പോൾ പോലീസ് ഹൗസിംഗ് ആൻഡ് കണ്സ്ട്രക്ഷൻ കോർപറേഷന്റെ സിഎംഡിയുടെ ചുമതല നൽകാനാണിതെന്നാണ് സൂചന.
പോലീസ് ഹൗസിംഗ് കണ്സ്ട്രക്ഷൻ കോർപറേഷൻ സിഎംഡിയായിരുന്ന സി.എച്ച്. നാഗരാജുവിനെ ക്രൈംബ്രാഞ്ച്- 1 തിരുവനന്തപുരം മേഖലാ ഐജിയാക്കി. ഐജി ഹർഷിത അട്ടല്ലൂരിയെ കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ സിഎംഡിയായി സംസ്ഥാന ഡപ്യൂട്ടേഷനിൽ മാറ്റി നിയമനം നൽകി.
തൃശൂർ റേഞ്ച് ഡിഐജി എസ്. അജിതാ ബീഗത്തെ തിരുവനന്തപുരം റേഞ്ച് ഡിഐജിയായി മാറ്റി നിയമിച്ചു. തോംസണ് ജോസിനെ തൃശൂർ റേഞ്ച് ഡിഐജിയാക്കി. നിലവിൽ കണ്ണൂർ റേഞ്ച് ഡിഐജിയായ തോംസണ് ജോസ് കണ്ണൂർ റേഞ്ചിന്റെ അധിക ചുമതല കൂടി വഹിക്കും.