തെരച്ചലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; ഔദ്യോഗിക മരണം 226 ആയി
Thursday, August 8, 2024 8:50 PM IST
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പത്താം ദിനത്തിൽ നിലന്പൂർ ഭാഗത്ത് ചാലിയാർ പുഴയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 226 ആയി.
നിലന്പൂർ ചാലിയാറിൽ നിന്നും ഒരു ശരീരഭാഗവും ഇന്ന് തെരച്ചലിൽ ലഭിച്ചു. ഇതുവരെ കണ്ടെത്തിയ ശരീര ഭാഗങ്ങളുടെ എണ്ണം 196 ആയി. ഇന്ന് ഒരു മൃതദേഹവും ആറ് ശരീര ഭാഗവും സംസ്കരിച്ചു. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം മുതൽ താഴേക്ക് മുണ്ടക്കൈയും ചൂരൽമലയും അടക്കമുള്ള മേപ്പാടി പഞ്ചായത്തിലെ ഭാഗങ്ങളിലും സൂചിപ്പാറ വെള്ളച്ചാട്ടം മുതൽ പോത്തുകല്ല്, നിലന്പൂർ വരെ ചാലിയാറിലും തെരച്ചിൽ നടത്തി. ചാലിയാർപ്പുഴയുടെ തീരങ്ങൾ തുടങ്ങി കാന്തൻപാറ സണ്‍റൈസ് വാലിയും വരെ തെരച്ചിൽ നടന്നു.
സൈന്യം, വനം വകുപ്പ്, പോലീസ്, ഫയർ ഫോഴ്സ്, വോളണ്ടിയർമാർ ഉൾപ്പെടെയുള്ള രക്ഷാസേനയാണ് തെരച്ചിൽ നടത്തിയത്. രക്ഷാപ്രവർത്തനത്തിന് ഹെലികോപ്ടറും ഉപയോഗിച്ചിരുന്നു. പത്തുനാൾ നീണ്ട രക്ഷാ ദൗത്യത്തിന് ശേഷം സേനയിലെ ഒരു വിഭാഗം ഇന്ന് മടങ്ങി.
ഇന്ത്യൻ ആർമി, നേവി, റിക്കോ റഡാർ ടീം അംഗങ്ങളായ സൈനികർക്ക് സർക്കാരും ജില്ലാ ഭരണകൂടവും യാത്രയയപ്പ് നൽകി. എംഇജിയിലെ 23 പേരും ഡൗണ്‍സ്ട്രീം സെർച്ച് ടീമിലെ 13 പേരുമായി 36 സൈനികർ രക്ഷാ ദൗത്യവുമായി ജില്ലയിൽ തുടരും.
ദുരിതാശ്വാസ ക്യാന്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരെ ഉൾപ്പെടുത്തി മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്ന് ജനകീയ തെരച്ചിൽ നടത്തും. ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളെ ആറു മേഖലകളിലായി തിരിച്ചായിരിക്കും തെരച്ചിൽ. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 14 ക്യാന്പുകളാണ് പ്രവർത്തിക്കുന്നത്. 634 കുടുംബങ്ങളിലെ 1918 ആളുകളാണ് ക്യാന്പുകളിലുള്ളത്.