പോലീസുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ
Wednesday, August 7, 2024 10:08 PM IST
കണ്ണൂർ: വാടക ക്വാർട്ടേഴ്സിൽ 13 കാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസുകാരൻ അറസ്റ്റിൽ. കണ്ണൂർ സിറ്റിയിലെ ടെലികമ്യൂണിക്കേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി റസാഖിനെയാണ് (46) ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം. വകുപ്പുതല ശിക്ഷാ നടപടിയുടെ ഭാഗമായുള്ള സ്ഥലം മാറ്റത്തെ തുടർന്നായിരുന്നു ഇയാൾ കണ്ണൂരിലെത്തിയത്. ചാലാടുള്ള വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരുന്നതിനിടെ സമീപത്തെ ആൺകുട്ടിയെ പ്രലോഭിപ്പിച്ച് ക്വാർട്ടേഴ്സിലും മറ്റു പല സ്ഥലങ്ങളിലുമായി പീഡിപ്പിച്ചെന്നാണ് പരാതി.
കഴിഞ്ഞ ദിവസം കൗൺസിലിംഗിനിടെയാണ് പീഡനവിവരം കുട്ടി പുറത്ത് പറഞ്ഞത്. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.