തോറ്റ് തുന്നംപാടി ഇന്ത്യ; ലങ്കയ്ക്ക് ഏകദിന പരമ്പര
Wednesday, August 7, 2024 8:53 PM IST
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് 110 റൺസിന്റെ ദയനീയ തോൽവി. 249 റൺസ് പിന്തുടർന്ന ഇന്ത്യ 26.1 ഓവറിൽ 138 റൺസിന് കൂടാരംകയറി. ഇതോടെ ഏകദിന പരമ്പര 2-0ന് ലങ്ക നേടി. പരമ്പരയിലെ ആദ്യ മത്സരം ടൈയിൽ കലാശിച്ചിരുന്നു.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദുനിത് വെല്ലലഗെയാണ് ഇന്ത്യയെ രോഹിത് ശർമയെയും കൂട്ടരെയും ചുരുട്ടി കെട്ടിയത്. മഹീഷ് തീക്ഷണയും ജെഫ്രി വന്ദർസേയും രണ്ട് വീതം വിക്കറ്റുകൾ നേടി. ഇന്ത്യൻ നിരയിൽ നാല് ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കടക്കാൻ കഴിഞ്ഞത്.
പതിവ് പോലെ രോഹിത് ശർമ മികച്ച താളത്തിലായിരുന്നെങ്കിലും മറുവശത്ത് ശുഭ്മാൻ ഗിൽ താളം കണ്ടെത്താൻ വിഷമിച്ചു. സ്കോർ ബോർഡിൽ 37 റൺസ് എത്തിയതോടെ ഗിൽ (ആറ്) വീണു. പിന്നാലെ രോഹിത് (35) കൂടി മടങ്ങിയതോടെ പ്രതീക്ഷ അത്രയും വിരാട് കോഹ്ലിയിലായി.
കോഹ്ലി നാല് ബൗണ്ടറികളുമായി നന്നായി തുടങ്ങിയെങ്കിലും ആയുസുണ്ടായില്ല. 20 റൺസുമായി താരം കൂടാരം കയറി. ഋഷഭ് പന്ത് (ആറ്), ശ്രേയസ് അയ്യർ (എട്ട്), അക്ഷർ പട്ടേൽ (രണ്ട്), റിയാൻ പരാഗ് (15), ശിവം ദുബെ (ഒൻപത്) എന്നിവരൊക്കെ അധികം അധ്വാനിക്കാതെ കീഴടങ്ങി. 25 പന്തിൽ 30 റൺസുമായി വാലറ്റത്ത് വാഷിംഗ്ടൺ സുന്ദർ പൊരുതാൻ മനസ് കാണിച്ചത് തോൽവി ഭാരം കുറയ്ക്കാൻ സഹായിച്ചു.
ടോസ് നേടിയ ലങ്ക ഓപ്പണർ അവിഷ്ക ഫെർണാണ്ടോയുടെ (96) ഇന്നിംഗ്സ് മികവിലാണ് മികച്ച സ്കോറിൽ എത്തിയത്. കുശാൽ മെൻഡിസ് (59), പാതും നിസങ്ക (45), കാമിൻഡു മെൻഡിസ് (പുറത്താകാതെ 23) എന്നിവരും ലങ്കൻ നിരയിൽ തിളങ്ങി.
102 പന്തുകൾ നേരിട്ട് ഒൻപത് ഫോറും രണ്ട് സിക്സും പറത്തിയ ഫെർണാണ്ടോയാണ് കളിയിലെ താരം. പരമ്പരയിലാകെ 108 റൺസും ഏഴ് വിക്കറ്റുകളും പിഴുത വെല്ലലഗെ മാൻ ഓഫ് ദ സീരീസ് പുരസ്കാരം നേടി.
ഗൗതം ഗംഭീർ പരിശീലക സ്ഥാനത്ത് എത്തിയ ശേഷമുള്ള ആദ്യ ഏകദിന പരമ്പര തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. 1997ന് ശേഷം ആദ്യമായാണ് ലങ്ക ഇന്ത്യയ്ക്കെതിരേ ഏകദിന പരമ്പര സ്വന്തമാക്കുന്നത്. അതേസമയം ട്വന്റി-20 പരമ്പര ഇന്ത്യ 3-0ന് ആധികാരികമായി നേടിയിരുന്നു.