മൂന്നാം ഏകദിനത്തിലും ടോസ് ശ്രീലങ്കയ്ക്ക്; ഇന്ത്യയ്ക്ക് ബൗളിംഗ്, റിയാന്‍ പരാഗിന് അരങ്ങേറ്റം
Wednesday, August 7, 2024 2:50 PM IST
കൊളംബോ: ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യക്കെതിരെ ടോസിൽ ജയിച്ച് ശ്രീലങ്ക. ടോസ് നേടിയ ആതിഥേയർ ബാറ്റിംഗ് തെരഞ്ഞെടുത്തു.
ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങുന്നത്. അര്‍ഷ്ദീപ് സിംഗിന് പകരം റിയാന്‍ പരാഗും കെ.എല്‍. രാഹുലിന് പകരം റിഷഭ് പന്തും അന്തിമ ഇലവനിൽ സ്ഥാനംപിടിച്ചു. അതേസമയം, ശ്രീലങ്കന്‍ ടീമിലും ഒരു മാറ്റമുണ്ട്. അഖില ധനഞ്ജയയ്ക്ക് പകരം മഹീഷ തീക്ഷണ അന്തിമ ഇലവനിലെത്തി.
പരന്പരയിലെ ആദ്യ ഏകദിനം സമനിലയായപ്പോൾ രണ്ടാം മത്സരം ജയിച്ച് ശ്രീലങ്ക പരന്പരയിൽ 1-0ന് മുന്നിലെത്തിയിരുന്നു. ഇന്ന് ജയിക്കാനായില്ലെങ്കിൽ ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ നാണക്കേടാണ്. ഇന്ത്യ 27 വർഷത്തിനുശേഷം ആദ്യമായായിരിക്കും ശ്രീലങ്കയ്ക്കെതിരേ ഒരു പരന്പര തോൽക്കുന്നത്. ഗൗതം ഗംഭീർ പരിശീലകനായശേഷം കളിക്കുന്ന ആദ്യ ഏകദിന പരന്പരയെന്ന നിലയിൽ പരന്പര നഷ്ടപ്പെടാതെ നോക്കേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്.
ശ്രീലങ്കയുടെ സ്പിൻ നിരയാണ് ഇന്ത്യക്ക് പ്രധാന തലവേദന. പരിശീലകൻ ഗംഭീർ തലപുകയ്ക്കുന്നത് ഇക്കാര്യത്തിലാകും. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ക്യാപ്റ്റൻ രോഹിത് ശർമ നൽകിയ മികച്ച തുടക്കം മുതലെടുക്കാൻ പിന്നീടു വന്നവർക്കു കഴിഞ്ഞിരുന്നില്ല.
1997ലാണ് ഇന്ത്യ അവസാനമായി ശ്രീലങ്കയ്ക്കെതിരേ പരന്പര തോൽക്കുന്നത്. അർജുന രണതുംഗെ നയിച്ച ലങ്കൻ ടീം 3-0നാണ് സച്ചിൻ തെണ്ടുൽക്കർ ക്യാപ്റ്റനായ ഇന്ത്യയെ തോൽപ്പിച്ചത്. ട്വന്റി-20 പരന്പര തൂത്തുവാരിയ ഇന്ത്യക്ക് എകദിന പരന്പര നഷ്ടപ്പെട്ടാൽ അത് ക്ഷീണമാകും.
ശ്രീലങ്ക ഇലവൻ: പത്തും നിസങ്ക, അവിഷ്ക ഫെർണാണ്ടോ, കുശാൽ മെൻഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ജനിത് ലിയാനഗെ, കമിന്ദു മെൻഡിസ്, ദുനിത് വെല്ലലഗെ, മഹീഷ് തീക്ഷണ, ജെഫ്രി വാൻഡർസെ, അസിത ഫെർണാണ്ടോ.
ഇന്ത്യ ഇലവൻ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, റിഷഭ് പന്ത്, ശ്രേയസ് അയ്യർ, റിയാൻ പരാഗ്, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.