മന്ത്രിസഭായോഗം ആരംഭിച്ചു; മുണ്ടക്കൈ പുനരധിവാസം ചർച്ചയാകും
Wednesday, August 7, 2024 10:28 AM IST
തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലെ പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യാൻ സംസ്ഥാന മന്ത്രിസഭായോഗം ഓണ്‍ലൈനായി ആരംഭിച്ചു. ദുരന്തത്തിൽ കാണാതായവര്‍ക്കായുള്ള തിരച്ചിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.
താത്കാലിക ക്യാമ്പുകളിൽ കഴിയുന്നവരെ ആദ്യം വാടകവീടുകളിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം. ദുരന്തത്തിന് ഇരയായവർക്കുള്ള സ്ഥിരമായ പുനരവധിവാസ പദ്ധതി പരിഗണനയിലാണ്. ടൗൺഷിപ്പ് തന്നെ നിർമിച്ച് ഇവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് സർക്കാർ ശ്രമം.
ടൗൺഷിപ്പ് നിർമിക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്തുക, പുനരധിവാസത്തിനു വേണ്ടിയുള്ള സമയപരിധി നിശ്ചയിക്കുക തുടങ്ങിയ വിഷയങ്ങൾ സർക്കാരിന്റെ പരിഗണനയിലുണ്ട്. ദുരന്തമേഖലയിൽ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ, കേന്ദ്രസഹായത്തിനു വേണ്ട ഇടപെടലുകൾ, കുട്ടികളുടെ വിദ്യാഭ്യാസം എന്നീ കാര്യങ്ങളിലും ഇന്നു തീരുമാനമുണ്ടാകും.