തീരുമാനം ആകാത്ത മദ്യനയത്തെ കുറിച്ച് എന്തു പറയാൻ; ചർച്ച പോലും ചെയ്തിട്ടില്ലെന്ന് മന്ത്രി
Tuesday, August 6, 2024 10:25 PM IST
തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച് ചർച്ച പോലും ചെയ്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ആകാത്ത നയത്തെ കുറിച്ച് എന്തു പറയാനാണ്. തീരുമാനങ്ങൾ ഉണ്ടായാൽ ആദ്യം മാധ്യമങ്ങളോട് തന്നെ പറയുമെന്നും മന്ത്രി അറിയിച്ചു.
ഡ്രൈ ഡേയിലെ മദ്യവിതരണത്തിൽ ഉപാധികളോടെ മാറ്റം വരുത്താൻ മദ്യനയത്തിന്റെ കരടിൽ ശിപാർശ എന്നായിരുന്നു നേരത്തെ പുറത്തുവന്നത്. ഡ്രൈ ഡേ കാരണം കോടികൾ നഷ്ടം വരുന്നുവെന്ന നികുതി വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് നടപടിയെന്ന് കരടിൽ വ്യക്തമാക്കുന്നു.
ഒന്നാം തിയതി മദ്യഷോപ്പുകൾ മുഴുവനായി തുറക്കില്ല. പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോൺഫറൻസുകൾ, ഡെസ്റ്റിനേഷൻ വെഡിംഗ് എന്നിവടങ്ങളിൽ പ്രത്യേക ഇളവ് അനുവദിക്കും എന്നും നേരത്തെ പുറത്തുവന്ന വിവരങ്ങളിൽ പറയുന്നു.
മദ്യവിതരണം എങ്ങനെയാകണമെന്നതടക്കം ചട്ടങ്ങളിൽ വ്യക്തത വരുത്തും. ഡ്രൈ ഡേ ഒഴിവാക്കണമെന്നും ഒന്നാം തിയതി മദ്യവിതരണത്തിന് അനുമതി നൽകണമെന്നും ബാർ ഉടമകൾ ഏറെ കാലമായി മുന്നോട്ട് വെക്കുന്ന ആവശ്യമാണ്.