വയനാട് ഉരുള്‍പൊട്ടല്‍; കത്തോലിക്കാസഭ 100 വീടുകള്‍ നിര്‍മിച്ചു നല്‍കും
Tuesday, August 6, 2024 5:54 PM IST
കൊച്ചി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരല്‍മലയിലും മുണ്ടക്കൈയിലും നൂറുവീടുകൾ നിർമിച്ചു നൽകാൻ കെസിബിസി തീരുമാനിച്ചു.
കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ കേരള കത്തോലിക്കാ മെത്രാന് സമിതി പ്രസിഡന്റ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ആദ്യഘട്ടത്തില്‍ വയനാട്ടിലും വിലങ്ങാട്ടും വീടും വീട്ടുപകരണങ്ങളും സ്ഥലവും നഷ്ടപ്പെട്ട 100 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥലത്താണ് വീടുകള്‍ നിര്‍മിച്ചു നല്‍കുക. വീടിനു പുറമേ വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ ഉപകരണങ്ങളും വാങ്ങിനൽകും.
സഭയുടെ ആശുപത്രികളില്‍ സേവനം ചെയ്യുന്ന ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘത്തെ ദുരന്ത സ്ഥലത്തേക്ക് ആവശ്യമെങ്കിൽ അയക്കാനും യോഗത്തിൽ തീരുമാനിച്ചു.