മുതുകിൽ ശസ്ത്രക്രിയക്കിടെ കൈയുറ കൂട്ടിത്തുന്നി; വാർത്ത അടിസ്ഥാനരഹിതമെന്ന് കെജിഎംഒഎ
Tuesday, August 6, 2024 4:58 PM IST
തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ചികിത്സാ പാഴവ് സംഭവിച്ചു എന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കെജിഎംഒഎ. ശരീരത്തിൽ ഉണ്ടാകുന്ന സെബേഷ്യസ് സിസ്റ്റ് എന്ന മുഴ നീക്കം ചെയ്തതിനുശേഷം ഉള്ളിലെ പഴുപ്പ് പോകുന്നതിനു വേണ്ടി ഗ്ലൗ ഡ്രയിൻ ഉപയോഗിച്ചതാണ് തെറ്റിദ്ധാരണാജനകമായ വാർത്തയ്ക്ക് അടിസ്ഥാനമെന്ന് കെജിഎംഒഎ വ്യക്തമാക്കി.
തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമായ വാർത്തകൾ സൃഷ്ടിക്കുന്നവർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം. ഇത്തരം വാർത്തകൾ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കാനേ ഉപകരിക്കുകയുള്ളൂ എന്നും സംഘടന വിശദീകരിച്ചു.
ജനറൽ ആശുപത്രിയിൽ മുതുകിലെ ശസ്ത്രക്രിയയ്ക്കിടെ കൈയുറ മുറിവിൽ തുന്നിച്ചേർത്തെന്നായിരുന്നു പരാതി. നെടുമങ്ങാട് സ്വദേശിക്കാണ് ഈ അനുഭവമുണ്ടായത്. എന്നാൽ ഇത് പിഴവല്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതർ.
കഴിഞ്ഞ ശനിയാഴ്ചയാണ് മുതുകിലെ പഴുപ്പ് നിറഞ്ഞ കുരു നീക്കാൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഇയാൾ ശസ്ത്രക്രിയക്ക് വിധേയനായത്. വീട്ടിലേക്ക് മടങ്ങി രണ്ടു ദിവസം കഴിഞ്ഞിട്ടും വേദനയും നീരും മാറിയില്ല. ഉറങ്ങാൻ പോലും പറ്റാതെ വന്നതോടെ ഭാര്യ തുന്നൽകെട്ട് അഴിച്ചുനോക്കുകയായിരുന്നു. അപ്പോഴാണ് മുറിവിൽ തുന്നിച്ചേർത്ത നിലയിൽ കൈയുറയുടെ വലിയൊരു ഭാഗം കണ്ടത്.