പ്രകൃതിദുരന്തങ്ങൾ ക്ഷണിച്ചു വരുത്തുന്നു: ചെറിയാൻ ഫിലിപ്പ്
Tuesday, August 6, 2024 12:45 PM IST
തിരുവനന്തപുരം: മാധവ് ഗാഡ്ഗിൽ സമിതി, കസ്തൂരിരംഗൻ സമിതി റിപ്പോർട്ടുകളിലെ പ്രായോഗിക നിർദ്ദേശങ്ങൾ പോലും നടപ്പാക്കാത്ത സംസ്ഥാന സർക്കാർ പ്രകൃതി ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തുകയാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.
പശ്ചിമഘട്ട മലനിരകളിൽ കേരളത്തിലെ 131 പരിസ്ഥിതിലോല വില്ലേജുകളിൽ ഖനനം, മണ്ണെടുപ്പ്, ക്വാറി പ്രവർത്തനം എന്നിവ നിരോധിക്കണം. ഇവിടുത്തെ ജനജീവിതം, പാർപ്പിടം, തൊഴിൽ, കൃഷി, വ്യവസായം, വ്യാപാരം, ടൂറിസം എന്നിവയെ പ്രതികൂലമായി ബാധിക്കാതെ സമവായത്തിലൂടെ ഇക്കാര്യം നടപ്പാക്കാം.
ഭൗമശാസ്ത്രജ്ഞർ ഉരുൾപൊട്ടലിന് വൻ സാധ്യതയുള്ളതായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കാനുള്ള ഒരു സമഗ്ര പുനരധിവാസ പദ്ധതി ആവിഷ്ക്കരിക്കണം. ഇതിന് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായം ഉണ്ടാകണമെന്നും ചെറിയാൻ ഫിലിപ്പ് അഭിപ്രായപ്പെട്ടു.