ഷേഖ് ഹസീന ഇന്ത്യ വിട്ടെന്ന് റിപ്പോർട്ട്
Tuesday, August 6, 2024 11:17 AM IST
ന്യൂഡൽഹി: ആഭ്യന്തര കലാപത്തെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. രാവിലെ ഒമ്പതിന് ഗാസിയാബാദിലെ ഹിന്‍ഡന്‍ എയര്‍ ഫോഴ്സ് സ്റ്റേഷനിൽനിന്ന് വിമാനം പുറപ്പെട്ടെന്നാണ് വിവരം. എന്നാൽ യാത്ര എങ്ങോട്ടാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
കലാപം രൂക്ഷമായതോടെയാണ് പ്രധാനമന്ത്രിപദം രാജിവച്ച് ഹസീന രാജ്യംവിട്ടത്. അഭയം നൽകുന്ന കാര്യത്തില്‍ യുകെയുടെ തീരുമാനം വൈകിയതോടെ തിങ്കളാഴ്ച ഇന്ത്യയില്‍ തങ്ങുകയായിരുന്നു.
തിങ്കളാഴ്ച വൈകിട്ടോടെയാണ് ഷേഖ് ഹസീന ഇന്ത്യയിൽ വിമാനമിറങ്ങിയത്. ഡൽഹിയിലെത്തിയ ഹസീന മകൾ സയിമ വാജേദിനെ കണ്ടു.
ഉന്നത ഉദ്യോഗസ്ഥർ താമസിക്കുന്ന ഗസ്റ്റ് ഹൗസിലാണ് ഹസീനയ്ക്ക് ഇന്ത്യ അഭയം ഒരുക്കിയത്. ഇവര്‍ക്ക് കനത്ത സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.
അതേസമയം ബംഗ്ലാദേശ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം തുടരുകയാണ്. പാര്‍ലമെന്റ് മന്ദിരത്തില്‍ ചേരുന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാല്‍ എന്നിവർ അടക്കമുള്ളവർ പങ്കെടുക്കുന്നുണ്ട്.