സിബിഐ കേസില്‍ ജാമ്യമില്ല; കേജരിവാൾ ജയിലിൽ തുടരും
Monday, August 5, 2024 3:08 PM IST
ന്യൂഡല്‍ഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ജാമ്യമില്ല. ഡല്‍ഹി ഹൈക്കോടതിയാണ് കേസില്‍ ജാമ്യം നിഷേധിച്ചത്.
ജാമ്യം അനുവദിക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും കാട്ടിയുള്ള കേജരിവാളിന്റെ രണ്ട് ഹര്‍ജികളാണ് കോടതിക്ക് മുന്നിൽ എത്തിയത്. ജസ്റ്റീസ് മീന ബന്‍സാല്‍ കൃഷ്ണയാണ് ഹര്‍ജി പരിഗണിച്ചത്.
അറസ്റ്റ് നിയമപരമല്ലെന്ന് പറയാന്‍ കോടതിക്ക് കഴിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷ തള്ളുന്നതായും കോടതി വ്യക്തമാക്കുകയായിരുന്നു. കേസിൽ ജാമ്യം വേണമെങ്കില്‍ വിചാരണക്കോടതിയെ സമീപിക്കാനും കോടതി നിരീക്ഷിച്ചു.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ സിബിഐ അറസ്റ്റ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേജരിവാളിന് പുറത്തിറങ്ങാനാകില്ല.