ഹൈദരാബാദിൽ ദളിത് യുവതിയെ അർധനഗ്നയാക്കി പോലീസ് മർദനം
Monday, August 5, 2024 2:58 PM IST
ഹൈദരാബാദ്: മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവതിയെ അർധനഗ്നയാക്കി പോലീസുകാർ അതിക്രൂരമായി മർദിച്ചു. ഹൈദരാബാദിലെ ഷാദ്നഗർ പോലീസ് സ്റ്റേഷനിലാണു സംഭവം. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായി ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
സ്വർണം മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ പോലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയ ശേഷം പ്രായപൂർത്തിയാകാത്ത മകന്റെ സാന്നിധ്യത്തിൽ മർദിക്കുകയായിരുന്നു. ഭർത്താവിനെ ചോദ്യം ചെയ്തു വിട്ടയച്ചശേഷമാണു യുവതിയെ ക്രൂരപീഡനത്തിനിരയാക്കിയത്.
സാരി അഴിപ്പിച്ച് ഷോട്സ് ധരിപ്പിച്ചും കൈകാലുകൾ ബന്ധിച്ചുമാണു പോലീസുകാർ മർദ്ദിച്ചത്. കരഞ്ഞപേക്ഷിച്ചിട്ടും മർദനം തുടരുകയായിരുന്നുവെന്നും യുവതി മാധ്യമങ്ങളോടു വെളിപ്പെടുത്തി.