യുപിയിൽ കനത്ത മഴ; അഞ്ച് പേർ മരിച്ചു
Monday, August 5, 2024 12:51 AM IST
ലക്നോ: ഉത്തർപ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അഞ്ച് പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് ഈ മരണങ്ങൾ സംഭവിച്ചത്.
ആറ് ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചതായി ലഖ്നൗവിലെ സംസ്ഥാന ദുരിതാശ്വാസ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ബന്ദയിൽ രണ്ട് പേർ മരിച്ചു. പ്രതാപ്ഗഡ്, സോൻഭദ്ര, മൊറാദാബാദ് എന്നിവിടങ്ങളിൽ ഇടിമിന്നൽ, മുങ്ങിമരണം, പാമ്പ് കടി എന്നിവ മൂലം ഓരോ മരണവും റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ദുരിതാശ്വാസ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.
ബല്ലിയ, ലഖിംപൂർ ഖേരി, ഫറൂഖാബാദ്, സീതാപൂർ, ബിജ്നോർ, ബരാബങ്കി എന്നീ ജില്ലകളുടെ വിവിധ ഭാഗങ്ങൾ വെള്ളത്തിന് അടിയിലാണ്. ജലസേചന വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ബുദൗണിലെ കച്ല പാലത്തിൽ ഗംഗാ നദി അപകടരേഖയ്ക്ക് മുകളിലാണ് ഒഴുകുന്നത്.