ഡാർക്ക് ടൂറിസത്തിനെതിരെ കർശന നടപടിയെടുക്കും: മന്ത്രി റിയാസ്
Saturday, August 3, 2024 12:59 PM IST
തിരുവനന്തപുരം: ഡിസാസ്റ്റർ ടൂറിസം അഥവാ ഡാർക്ക് ടൂറിസത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇക്കാര്യത്തിൽ കർശന നിലപാട് സ്വീകരിക്കാനാണ് ആലോചിക്കുന്നതെന്ന് മന്ത്രി പ്രതികരിച്ചു.
ദുരന്തം നടന്ന സ്ഥലം ഒന്ന് കണ്ടു കളയാം എന്ന് കരുതി വരുന്നവരുണ്ട്, അത് ഡാർക്ക് ടൂറിസം ആണ്. ഇത് അനുവദിക്കില്ല.
ലോകത്തുള്ള മുഴുവൻ പേരുടെയും മനസ്സ് വയനാട്ടിലെ രക്ഷാ ദൗത്യത്തിനോടൊപ്പമാണ്. അതുതന്നെയാണ് ഏറ്റവും വലിയ പങ്കാളിത്തം. ശാരീരികമായ സാന്നിധ്യം നിലവിൽ അത്രത്തോളം ആവശ്യമില്ല.
ജനപ്രതിനിധികളോ മറ്റ് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരോ വരുന്നതിൽ ഒരു തെറ്റുമില്ല. അവർ എത്തുകയും കാര്യങ്ങൾ മനസിലാക്കി അവരുടേതായ നിർദേശങ്ങൾ നൽകുകയും വേണം.
എന്നാൽ ആളുകൾ അനാവശ്യമായി എത്തുന്നത് ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.