ഡൽഹിയിലെ സർക്കാർ ഷെൽട്ടർ ഹോമിൽ 20 ദിവസത്തിനുള്ളിൽ മരിച്ചത് 13 കുട്ടികൾ
Saturday, August 3, 2024 12:45 PM IST
ന്യൂഡൽഹി: കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ ഡൽഹിയിലെ സർക്കാർ ഷെൽട്ടർ ഹോമിൽ മരിച്ചത് അന്തേവാസികളായ 13 കുട്ടികൾ. രോഹിണിയിലെ ആശാ കിരൺ ഷെൽട്ടർ ഹോമിലാണു സംഭവം.
ജനുവരി മുതൽ ഇതുവരെ 27 മരണങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ അന്വേഷണത്തിലാണ് കുട്ടികളുടെ മരണക്കണക്ക് പുറത്തുവന്നത്.
മരണങ്ങളുടെ യഥാർഥ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾക്കുശേഷമേ വ്യക്തമാകൂവെന്ന് എസ്ഡിഎം പറഞ്ഞു.
കുട്ടികൾക്ക് നൽകുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് എസ്ഡിഎമ്മിന്റെ റിപ്പോർട്ട് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷൻ വസ്തുതാന്വേഷണ സംഘത്തെ ഷെൽട്ടർ ഹോമിലേക്ക് അയച്ചു.