ഇന്ന് പുഴയിൽ വെള്ളം കുറയും; തെരച്ചിലിന് തയാറെന്ന് മൽപെ അറിയിച്ചതായി അർജുന്റെ കുടുംബം
Saturday, August 3, 2024 9:26 AM IST
ബംഗളൂരു: ഉത്തരകന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ ഗംഗാവലിപ്പുഴയിൽ വീണ്ടും തെരച്ചിലിന് തയാറെന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ. ഇന്ന് അമാവാസി നാളിൽ വേലിയിറക്കത്തിൽ പുഴയിലെ വെള്ളം കുറയുമെന്നും ഇറങ്ങാൻ സന്നദ്ധനാണെന്നും മൽപെ അറിയിച്ചതായി അർജുന്റെ സഹോദരീഭർത്താവ് ജിതിൻ പറഞ്ഞു.
മൂന്ന് മണിക്കൂറോളം പുഴയിൽ വെള്ളം കുറയുമെന്നാണു കരുതുന്നത്. ഈ സമയത്ത് തെരച്ചിൽ നടത്താമെന്നാണ് മൽപെ അറിയിച്ചത്. അതേസമയം അർജുനെ കണ്ടെത്താൻ ഗംഗാവലിപ്പുഴയിൽ തിരച്ചിലിന് തൃശൂർ കാർഷിക സർവകലാശാലയുടെ ഡ്രജർ എത്തിക്കേണ്ടെന്ന് തീരുമാനമായി.
യന്ത്രം എത്തിച്ചാലും പുഴയിലെ ചെളിയും ഒഴുക്കും കാരണം പ്രവർത്തിപ്പിക്കാനാകില്ലെന്നാണ് സ്ഥലം സന്ദർശിച്ച സമിതി തൃശൂർ ജില്ലാ ഭരണകൂടത്തിനു നൽകിയ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അർജുന്റെ ബന്ധുക്കൾ ഇന്ന് രാവിലെ വീണ്ടും ഷിരൂരിലെത്തും.