സൗദിയില്‍ കാണാതായ പ്രവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി
Saturday, August 3, 2024 5:47 AM IST
റിയാദ്: സൗദി അറേബ്യയില്‍ എത്തി ഏതാനും ദിവസത്തിന് ശേഷം കാണാതായ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയും നിലവില്‍ കൊല്ലം കരുനാഗപ്പള്ളിയില്‍ താമസക്കാരനുമായ സനോജ് സകീറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
തെക്കന്‍ സൗദിയിലെ അല്‍ ബാഹ പ്രവിശ്യയിലുള്ള മന്ദഖില്‍ നിന്നാണ് കാണാതായത്. അഞ്ച് ദിവസം മുമ്പായിരുന്നു അദ്ദേഹത്തെ കാണാതായത്. മന്ദഖിലെ ഒരു വെള്ളക്കെട്ടില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
അല്‍ ബാഹ പ്രവിശ്യയിലുള്ള മന്ദഖില്‍ സബ്ത്തുല്‍ ആല എന്ന സ്ഥലത്തെ ഒരു മീന്‍കടയില്‍ ജോലിക്ക് പുതിയ വിസയില്‍ എത്തിയതായിരുന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ചെറിയ മാനസിക അസ്വസ്ഥകള്‍ പ്രകടിപ്പിച്ചിരുന്നു. ജൂലൈ 28ന് പുലര്‍ച്ചെ മൂന്നിന് മുറയില്‍നിന്നും ഇറങ്ങിപ്പോയി. പിന്നീട് ഒരു വിവരവുമില്ലാതായി.
പരിസരപ്രദേശങ്ങളില്‍ എല്ലാം തിരച്ചില്‍ നടത്തുകയും ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിട്ടും ഒരു വിവരവും ലഭിച്ചിരുന്നില്ല. അതിനിടയിലാണ് ആഗസ്റ്റ് ഒന്നിന് വൈകുന്നേരം വെള്ളക്കെട്ടില്‍ മൃതദേഹം കണ്ടത്. മൃതദേഹം ഇപ്പോള്‍ മന്ദഖ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.