ഷിരൂരിൽ ഗതാഗതം പുനഃസ്ഥാപിച്ചു; അർജുൻ കാണാമറയത്തു തന്നെ
Friday, August 2, 2024 1:13 PM IST
ഷിരൂർ: കർണാടക ഷിരൂരിൽ കോഴിക്കോട് സ്വദേശിയായ അർജുൻ ഉൾപ്പെടെ നിരവധിപ്പേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിലിനു പിന്നാലെ അടച്ചിട്ട ദേശീയപാത 66–ലൂടെ വാഹനങ്ങൾ കടത്തിവിടാൻ ആരംഭിച്ചു. നിലവിൽ 20 കിലോമീറ്റർ വേഗത്തിലാണ് വാഹനങ്ങൾക്ക് പോകാൻ കഴിയുക.
മണ്ണിടിച്ചിലുണ്ടായ പ്രദേശത്തിനു നാലു കിലോമീറ്റർ ദൂരത്ത് ദേശീയപാതയിൽ ഇരുവശത്തും ബാരിക്കേഡുകൾ വച്ചാണ് ഗതാഗതം തടഞ്ഞിരുന്നത്. വാഹനങ്ങൾ കടത്തിവിടാൻ ആരംഭിച്ചെങ്കിലും റോഡരികിൽ പാർക്കിംഗിനു നിരോധനമുണ്ട്.
അതേസമയം, ഗംഗാവലിപ്പുഴയിൽ അർജുനു വേണ്ടിയുള്ള തിരച്ചിൽ നിലച്ച സ്ഥിതിയിലാണ്. തൃശൂരിൽ നിന്നുള്ള മണ്ണുമാന്തിയന്ത്രം എത്തിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. അർജുന്റെ കുടുംബാംഗങ്ങൾ കഴിഞ്ഞ ദിവസം ഷിരൂരിൽനിന്ന് മടങ്ങിയിരുന്നെങ്കിലും ഇന്നു വീണ്ടും അവിടേക്കു തിരിക്കും.