ഇഡി റെയ്ഡിനെത്തും, ചായയും ബിസ്കറ്റും ഒരുക്കി കാത്തിരിക്കുന്നു: രാഹുൽ ഗാന്ധി
Friday, August 2, 2024 9:15 AM IST
ന്യൂഡൽഹി: ലോക്സഭയിൽ നടത്തിയ ചക്രവ്യൂഹ പ്രസംഗത്തിന് പിന്നാലെ തനിക്കെതിരെ റെയ്ഡ് നടത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പദ്ധതിയിട്ടതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് രാഹുൽ ഇക്കാര്യം ഉന്നയിച്ചത്.
ഇഡിയിൽ തന്നെയുള്ളവരാണ് തന്നോട് ഇക്കാര്യം പറഞ്ഞത്. ഇഡി റെയ്ഡിനായി താൻ കാത്തിരിക്കുകയാണ്. അവർക്കായി ചായയും ബിസ്കറ്റും ഒരുക്കി വച്ചിട്ടുണ്ടെന്നും രാഹുൽ പരിഹസിച്ചു. ഇഡിയെക്കൂടി ടാഗ് ചെയ്തുകൊണ്ടാണ് രാഹുൽ പോസ്റ്റ് പങ്കുവച്ചത്. ബജറ്റ് ചർച്ചയ്ക്കിടെ നടത്തിയ പ്രസംഗത്തിലാണ് രാഹുൽ കേന്ദ്ര സർക്കാരിനെതിരേ ആഞ്ഞടിച്ചത്. രാജ്യം ചക്രവ്യൂഹത്തില്‍ അകപ്പെട്ട അഭിമന്യുവിന്റെ അവസ്ഥയിലാണ്.
ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചക്രവ്യൂഹമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, മോഹന്‍ ഭഗവത്, അജിത് ഡോവല്‍, മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരാണ് ഈ ചക്രവ്യൂഹത്തെ നിയന്ത്രിക്കുന്നതെന്നും രാഹുൽ ആരോപിച്ചിരുന്നു.