ദുരന്ത മേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്; മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഉത്തരവ് പിൻവലിച്ചു
Friday, August 2, 2024 1:28 AM IST
തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടൽ ദുരന്ത മേഖലയിൽ ശാസ്ത്രജ്ഞര്‍ക്ക് വിലക്കേർപ്പെടുത്തിയ സർക്കുലർ പിൻവലിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് സർക്കുലർ പിൻവലിച്ചത്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് കൈമാറിയത്. ദുരന്ത നിവാരണ പ്രിൻസിപ്പൽ സെക്രട്ടറിയാണ് വിചിത്ര സർക്കുലർ ഇറക്കിയത്.
വ്യാപക വിമർശനം ഉയർന്നതോടെയാണ് സർക്കുലർ പിൻവലിച്ചത്. മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അവിടം സന്ദർശിക്കരുതെന്നും അഭിപ്രായം പറയരുതെന്നുമായിരുന്നു നിർദേശം.
എന്നാൽ അത്തരം ഒരു നയം സർക്കാരിന് ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അങ്ങനെ തോന്നിപ്പിക്കും വിധം ആശയവിനിമയം നടത്തിയത് ഉടനെ പിൻവലിക്കാൻ ഇടപെടണമെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു.