രാഹുലും പ്രിയങ്കയും ദുരന്തഭൂമിയിൽ; ദുരിതബാധിതരെ സന്ദര്‍ശിച്ചു
Thursday, August 1, 2024 4:05 PM IST
വയനാട്: പ്രതിപക്ഷ നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തഭൂമിയിലെത്തി. പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെ.സി. വേണുഗോപാലും ഒപ്പമുണ്ട്.
ദുരന്തഭൂമിയില്‍ സൈന്യം തയാറാക്കിയ താത്കാലിക നടപ്പാലം കടന്നെത്തിയ രാഹുലും സംഘവും രക്ഷാപ്രവര്‍ത്തകരുമായി സംസാരിക്കുകയും രക്ഷാപ്രവർത്തനത്തിന്റെ പുരോഗതി വിലയിരുത്തുകയും ചെയ്തു.
തുടർന്ന് ഉരുൾപൊട്ടൽ നാശം വിതച്ച മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ദുരന്തബാധിതരെ കണ്ട രാഹുലും പ്രിയങ്കയും അവരെ ആശ്വസിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും ഇരുവരും സന്ദര്‍ശിക്കുന്നുണ്ട്.
ബുധനാഴ്ച രാഹുലും പ്രിയങ്കയും വയനാട്ടിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പ്രതികൂലമായ കാലാവസ്ഥ കാരണം യാത്ര മാറ്റിവയ്ക്കുകയായിരുന്നു.