ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം നവംബര്‍ 27 മുതല്‍; രജിസ്ട്രേഷന് ഇന്നാരംഭിക്കും
Thursday, August 1, 2024 11:57 AM IST
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ചെമ്പൈ സംഗീതോത്സവം നവംബര്‍ 27 ന് ആരംഭിക്കും. ഡിസംബര്‍ 11 വരെയാണ് സംഗീതോത്സവം. സംഗീതോത്സവത്തില്‍ പങ്കെടുക്കാനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കും.
www.guruvayurdevaswom.in എന്ന വെബ്സെെറ്റിൽ രജിസ്ട്രേഷന് നടത്താം. അവസാന തീയതി ഈ മാസം 31 വൈകുന്നേരം അഞ്ചുവരെ. പങ്കെടുക്കാനുള്ള മിനിമം പ്രായപരിധി 10 വയസാണ്. ഇന്ന് 10 വയസ് തികഞ്ഞ ഹിന്ദു അപേക്ഷകര്‍ക്കും സംഗീതോത്സവത്തില്‍ പങ്കെടുക്കാം.
സുവര്‍ണ ജൂബിലി നിറവിലാണ് ഇത്തവണ ചെമ്പൈ സംഗീതോത്സവം. സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ മിനിമം അഞ്ചു വര്‍ഷമെങ്കിലും കര്‍ണാടക സംഗീതം പഠിച്ചിരിക്കണം. അറിവുള്ള 10 കൃതികള്‍ അപേക്ഷയില്‍ കാണിക്കണം. ഇവയില്‍ ദേവസ്വം തെരഞ്ഞെടുക്കുന്ന കൃതി അഞ്ച് മിനിട്ടില്‍ ആലപിക്കേണ്ടതാണ്. രാഗം, സ്വരം, നിരവല്‍ അനുവദനീയമല്ല.
അംഗീകൃത അവതരണ വിഭാഗങ്ങള്‍ താഴെ കൊടുക്കുന്നു:-
വായ്പ്പാട്ട് - വ്യക്തിഗതം / സംഘം (പരമാവധി അഞ്ചുപേര്‍), തന്ത്രിവാദ്യം, സുഷിരവാദ്യം (കീബോര്‍ഡ്, ഹാര്‍മോണിയം എന്നിവയുള്‍പ്പെടെ). പങ്കെടുക്കുന്നവര്‍ ക്ഷണപത്രികയുടെ അസല്‍ കൊണ്ടുവരണം. നിര്‍ദിഷ്ട സ്ലോട്ടിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയില്‍ ഹാജരാകണം.
ഫോട്ടോ പതിച്ച ക്ഷണപത്രികയോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്,ഗുരുനാഥന്റെ സാക്ഷ്യപത്രം എന്നിവ നിര്‍ബന്ധമാണ്. ഡൌണ്‍ലോഡ് ചെയ്തു ലഭിക്കുന്ന ക്ഷണപത്രികയില്‍ സംഗീതോത്സവത്തില്‍ പങ്കെടുക്കുന്നവരുടെ ഫോട്ടോയും പതിക്കണം.