ദുരിതപെയ്ത്ത് തുടരുന്നു; സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
Wednesday, July 31, 2024 9:00 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത നിർദേശം . ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കണം. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്.
കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും വിലക്കി. മലയോരം, ചുരം പ്രദേശങ്ങളിലേക്ക് രാത്രി യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെയാണ് നിരോധനം. ക്വാറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താനും കളക്ടര്‍ ഉത്തരവിട്ടു.
മഴതുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വിവിധ ട്രെയിനിന്റെ സമയത്തിലും മാറ്റമുണ്ട്.