താമരശേരി ചുരത്തിൽ വിള്ളൽ; വാഹനങ്ങൾക്ക് നിയന്ത്രണം
Tuesday, July 30, 2024 11:47 PM IST
കോഴിക്കോട് : താമരശേരി ചുരം പാതയിൽ രണ്ടാം വളവിന് സമീപം റോഡിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. റോഡിൽ പത്ത് മീറ്ററിലധികം നീളത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
രണ്ടാം വളവ് എത്തുന്നതിന് മുമ്പുള്ള വളവിൽ റോഡിന്റെ ഇടതുവശത്തോട് ചേർന്നാണ് വിള്ളലുള്ളത്. റോഡ് ഇടിയുന്ന സാഹചര്യമൊഴിവാക്കാൻ പോലീസ് ഈ ഭാഗത്ത് ബാരിക്കേഡ് സ്ഥാപിച്ചു. പിന്നീട് വലതുവശത്ത് കൂടി ഒറ്റവരിയായാണ് രാത്രി വാഹനങ്ങൾ കടത്തിവിട്ടത്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സഹായമെത്തിക്കുന്നതിനും ഗതാഗതത്തിനുമുള്ള പ്രധാനപാതയായതിനാൽ ചുരമിടിച്ചിൽ സാധ്യത ഒഴിവാക്കാനാണ് ചുരംകയറുന്ന ഭാരവാഹനങ്ങൾക്കും വലിയ വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതെന്ന് അധികൃതർ പറഞ്ഞു.