അമേരിക്കൻ വനിതയെ മഹാരാഷ്ട്രയിലെ വനത്തിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി
Monday, July 29, 2024 6:34 PM IST
മുംബൈ: അമേരിക്കൻ വനിതയെ മഹാരാഷ്ട്രയിലെ വനത്തിനുള്ളിൽ മരത്തിൽ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ കണ്ടെത്തി. 50 വയസുകാരിയായ സ്ത്രീയെ സിന്ധുദുർഗ് ജില്ലയിലെ വനത്തിലാണ് കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി വനത്തിൽനിന്ന് സ്ത്രീയുടെ കരച്ചിൽ കേട്ടതായി സോനുർലി ഗ്രാമത്തിലെ ആട്ടിടയൻ പോലീസ് അറിയിക്കുകയായിരുന്നു. തുടർന്നു പോലീസെത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
അമേരിക്കൻ പാസ്പോർട്ടിന്റെ കോപ്പിയും തമിഴ്നാട് അഡ്രസിലുള്ള ആധാർ കാർഡും ഇവരിൽനിന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. കുടുംബ വഴക്കിനെ തുടർന്ന് തമിഴ്നാട് സ്വദേശിയായ ഭർത്താവ് സ്ത്രീയെ വനത്തിൽ കെട്ടിയിട്ടതെന്നാണ് പോലീസിനു ലഭിച്ച പ്രാഥമിക വിവരം.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.