പീക്ക് സമയത്തെ വൈദ്യുതി നിരക്ക് കൂട്ടും, പകലത്തേത് കുറയ്ക്കും: മന്ത്രി കൃഷ്ണൻകുട്ടി
Monday, July 29, 2024 11:48 AM IST
പാലക്കാട്∙ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പകല്‍ സമയത്തെ ഉപയോഗത്തിന് മാത്രമായി നിരക്ക് കുറയ്ക്കാനും രാത്രിയിലെ നിരക്ക് വര്‍ധിപ്പിക്കാനും ആലോചനയുണ്ടെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. പകൽസമയത്ത് വൈദ്യുതി ഉപയോഗം കുറവാണെന്ന് മന്ത്രി പ്രതികരിച്ചു.
രാത്രിയിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുന്നതിനായാണ് ഈ സമയത്തെ നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നത്.
നിലവിൽ ഭൂരിഭാഗം വീടുകളിലും സ്മാര്‍ട്ട് മീറ്ററുകളായി. അതുകൊണ്ട് ഓരോ സമയത്തെയും വൈദ്യുതി ഉപയോഗം കൃത്യമായി കണക്കാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ ആണവനിലയം പദ്ധതി ആരംഭിക്കാൻ പ്രാരംഭ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു. ഇത് സര്‍ക്കാരിന്റെ നയപരമായ കാര്യമാണ്.
കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമേ തീരുമാനമെടുക്കൂ. ആണവനിലയം സംസ്ഥാനത്തിന് പുറത്തു സ്ഥാപിച്ചാലും കേരളത്തിനു വൈദ്യുതി വിഹിതം കിട്ടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.