"ലങ്കാദഹനം' ; ഇന്ത്യയ്ക്ക് പരമ്പര
Sunday, July 28, 2024 11:47 PM IST
പല്ലേക്കല്ലെ : ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര ഇന്ത്യയ്ക്ക്. മഴ രസംകൊല്ലിയായ രണ്ടാം മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ലങ്കയെ തകർത്തത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരന്പര 2-0 ഇന്ത്യ സ്വന്തമാക്കി.
സ്കോർ: ശ്രീലങ്ക 161/9, ഇന്ത്യ 81/3(6.3). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് നേടിയത്. ശ്രീലങ്കയ്ക്കായി കുശാല്‍ പെരേര (34 പന്തില്‍ 53) അർധ സെഞ്ചുറി നേടി.
ഇന്ത്യക്ക് വേണ്ടി രവി ബിഷ്ണോയ് മൂന്നും അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി. 162 റണ്‍സ് വിജയലക്ഷ്യവുമായി ഇന്ത്യ ക്രീസിലെത്തിയപ്പോൾ തന്നെ മഴ കളിമുടക്കി.
തുടര്‍ന്ന് ഇന്ത്യയുടെ വിജയലക്ഷ്യം എട്ട് ഓവറില്‍ 78 റണ്‍സായി പുനര്‍നിശ്ചയിച്ചു. മോശം തുടക്കമാണ് ഇന്ത്യയ്ക്കു ലഭിച്ചത്. സ്കോര്‍ ബോര്‍ഡില്‍ 12 റണ്‍സുള്ളപ്പോള്‍ സഞ്ജു സാംസൺ പൂജ്യത്തിനു പുറത്തായി. മഹീഷ് തീക്ഷണയുടെ പന്തില്‍ സഞ്ജു ബൗള്‍ഡാവുകയായിരുന്നു.
യശസ്വി ജയ്സ്വാൾ നിലയുറപ്പിച്ച് കളിച്ചതോടെ 6.3 ഓവറിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. 30 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. സൂര്യകുമാര്‍ യാദവ് 26 റണ്‍സെടുത്തു. ഇരുപത്തിയാറു റൺസിന് മൂന്നു വിക്കറ്റു വീഴ്ത്തിയ രവി ബിഷ്ണോയിയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
ശ്രീലങ്കയ്ക്കായി തീക്ഷണ, ഹസരങ്ക, മതീഷ പതിരണ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. പരന്പരയിലെ മൂന്നാം മത്സരം ചൊവ്വാഴ്ച നടക്കും.