ഷിരൂർ ദൗത്യം താത്കാലികമായി നിർത്തി; നിലപാടിൽനിന്ന് കർണാടക പിന്നോട്ട് പോകണമെന്ന് മന്ത്രി റിയാസ്
Sunday, July 28, 2024 4:46 PM IST
ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചു. അടിയൊഴുക്ക് കാരണം പുഴയിൽ ഇറങ്ങാനാവില്ലെന്ന് കാർവാർ എംഎൽഎ അറിയിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ഇന്നലെ മീറ്റിംഗിൽ ഇക്കാര്യം പരഞ്ഞിരുന്നില്ല. പെട്ടെന്നാണ് ഈ വിവരം അറിയിച്ചത്. വളരെ ദൗർഭാഗ്യകരമായ നിലപാടാണ് കാർവാർ എംഎൽഎ അറിയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിൽ തെരച്ചിൽ നിർത്തിയെന്നാണ് സംഭവസ്ഥലത്തുനിന്ന് എം.വിജിൻ എംഎൽഎ അറിയിച്ചത്. ഇന്നലെ കാലാവസ്ഥ പ്രതികൂലമായിരുന്നു. എന്നാൽ ഇന്ന് കാലാവസ്ഥ അനുകൂലമാണ്, ജലനിരപ്പ് കുറഞ്ഞു. എന്നിട്ടും വൈകുന്നേരം മൂന്നിന് തെരച്ചിൽ നിർത്തുന്ന സാഹചര്യമാണുണ്ടായതെന്ന് മന്ത്രി റിയാസ് പറഞ്ഞു.
കളക്ടറുമായി സംസാരിച്ചപ്പോൾ മന്ത്രി വരാനുണ്ടെന്നാണ് പറഞ്ഞത്. മന്ത്രി വരാനുണ്ടെങ്കിൽ മീറ്റിംഗ് വേറെ ഭാഗത്ത് നടത്താം. തെരച്ചിൽ മറ്റൊരു ഭാഗത്താണല്ലോ നടക്കുന്നത്. മന്ത്രിമാരല്ലല്ലോ വെള്ളത്തിൽ ഇറങ്ങി തെരച്ചിൽ നടത്തുന്നതെന്നും റിയാസ് ചോദിച്ചു.
ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറെ വിളിച്ച് നിലപാട് അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെയും വിളിച്ച് സംസാരിച്ചു. പ്ലാൻട്യൂൺ കൊണ്ടുവന്ന് തെരച്ചിൽ നടത്താമെന്ന് ഉറപ്പു തന്നിരുന്നതാണ്. എന്നാൽ ഇതുവരെ അത് എത്തിച്ചിട്ടില്ല. ഡ്രെഡ്ജിംഗ് നടത്തിയിട്ടില്ല.
ഇവയെല്ലാ പരീക്ഷിച്ച് പരാജയപ്പെടുകയാണങ്കിൽ ഇപ്പോളത്തെ വാദം അംഗീകരിക്കാം. എന്നാൽ ഇത് അങ്ങനെയല്ല. സാധ്യതകളെ ഉപയോഗപ്പെടുത്തുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
ചർച്ചചെയ്ത് എല്ലാവരും യോജിച്ച് എടുത്ത തീരുമാനമാണ് നടപ്പാക്കാതെ പോകുന്നത്. ഇത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ഈ നിലപാടിൽനിന്ന് കർണാടക പിന്നോട്ട് പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.